തിരുവനന്തപുരം: പരിമിതികളില്‍ പിന്മാറാനല്ല, പോരാടാനായിരുന്നു ഹരീനയുടെ തീരുമാനം. ആ തീരുമാനവുമായി ഹരീന ഇന്നലെ പിരപ്പന്‍കോട് നീന്തല്‍ കുളത്തിലെത്തി. മെഡല്കൊയ്ത്തിനുമപ്പുറം മത്സരത്തില്‍ പങ്കെടുക്കുകയായിരുന്നു ഹരിനയുടെ ലക്ഷ്യം. ഒന്നര വയസുള്ളപ്പോള്‍ ഉണ്ടായ പനിയെ തുടര്‍ന്നാണ് ഹരിനയുടെ ജീവിതം തന്നെ തകിടം മറിഞ്ഞത്.
പനിയെത്തുടര്‍ന്ന് കൈകള്‍ക്കു ചലനശേഷി നഷ്ടമായി. ചലനക്കുറവുള്ള കൈകളുമായാണ് ഹരിന പോരാട്ടത്തിനായി ഇറങ്ങിയത്. ഇന്‍ക്ലൂസീവ് വിഭാഗത്തില്‍ നീന്തല്‍ മത്സരമില്ലാത്തതിനാൽ ജനറല്‍ വിഭാഗത്തില്‍ മത്സരത്തിനിറങ്ങി.
ജൂണിയര്‍ പെണ്‍കുട്ടികളുടെ 200 മീറ്റര്‍ ബാക്സ്ട്രോക്ക് മത്സരത്തിലാണ് പോരാട്ടത്തിനിറങ്ങിയത് .പാലക്കാട് അകത്തേത്തറ എന്‍എസ്എസ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഹരീന. കൈകളുടെ ചലനശേഷി നഷ്ടമായതിനു പിന്നാലെ നിരവധി ചികിത്സകള്‍ നല്കി. എന്നാല്‍, പൂര്‍ണമായും ചലനശേഷി വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. വാട്ടര്‍ തെറാപ്പിയിലൂടെ മാറ്റങ്ങള്‍ക്ക് സാധ്യതാ സൂചന ഡോക്ടര്‍മാര്‍ നൽകിയതിനു പിന്നാലെയാണ് ഹരീന നിന്തല്ക്കുളത്തിലേക്ക് പരിശീലനത്തിനായി എത്തിത്തുടങ്ങിയത്.
മലമ്പുഴയിലെ സ്വിമ്മിംഗ് ട്രെയ്നറായ ശശീന്ദ്രന്റെ കീഴില്‍ മലമ്പുഴ ചെക്ഡാമിൽ പരിശീലനം ആരംഭിച്ചു. ശരീരപേശികള്‍ക്ക് ഇപ്പോള്‍ നല്ല ചലനം വന്നുതുടങ്ങി. വോക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് നടക്കാമെന്ന അവസ്ഥയിലെത്തി.
സംസ്ഥാന തലത്തില്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വളരെ അഭിമാനവും സന്തോഷത്തിലാണ് ഹരിന. ഇനിയും മത്സരത്തിനെത്തും. കേരളത്തിലും ഇന്‍ക്ലൂസീവ് വിഭാഗത്തില്‍ നീന്തല്‍ മത്സരം നടത്തണമെന്നാണ് ഇവരുടെ ആഗ്രഹം.അച്ഛന് ദേവരാജിന്റെയും അമ്മ കൃഷ്ണകുമാരിയുടെയും പ്രോത്സാഹനമാണ് ഹരിനയുടെ പോരാട്ടവീര്യത്തിന്റെ അടിസ്ഥാനം